Monday, December 29, 2008

റൈറ്റേഴ്‌സ്‌ ബ്ലോക്ക്‌

ഒരുനാള്‍ വാക്കുകളെന്നെ വിട്ടു പിരിഞ്ഞു
എന്നുമെന്‍ പേനത്തുമ്പിലുണ്ടായിരുന്നവര്‍-
എന്‍ പുസ്തകത്താളുകളില്‍ തിങ്ങി നിറഞ്ഞവര്‍
എങ്ങുപോയി നിങ്ങള്‍, എങ്ങുപോയി നിങ്ങള്‍
കാത്തിരിപ്പു വ്യതിഥ ഹൃദയനായി ഞാന്‍

എന്‍ മനമൊരോളമടങ്ങിയ കടലായി-
ആളൊഴിഞ്ഞ പൂരപ്പറമ്പായി
വിജനമായി, ശാന്തമായി
ഇന്നലെ വരെ എന്‍ മനസ്സിന്‍ തിരശ്ശീലയില്‍
പകര്‍ന്നാടിയ വേഷങ്ങള്‍
ഉയര്‍ന്നു പൊങ്ങിയ കൊടുംകാറ്റുകള്‍
വീശിയടിച്ച തിരമാലകള്‍
അവയില്‍ നിന്നൂറിയിറങ്ങിയ വാക്കുകള്‍
എന്‍ ഹൃദയ രക്തം പുരണ്ട സന്തതികള്‍

പേന, എന്‍ വിരല്‍ത്തുമ്പില്‍ വിറകൊള്‍വേ-
അസ്പഷ്ട രേഖകള്‍ മാത്രം കടലാസില്‍ നിറഞ്ഞീടവേ-
മിനിട്ടുകള്‍ മണിക്കൂറുകളായി ദീര്‍ഘിക്കവേ-
നിങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നു.

ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍
കാലം കടന്നു പോകവേ, പ്രതീക്ഷകള്‍ മങ്ങവേ-
ഒരുനാള്‍, ഒരുനാള്‍, വീണ്ടും
എന്‍ മനസ്സിന്‍ മരുപ്പരപ്പില്‍-
ഒരു പുതു പുല്‍ക്കൊടി നാമ്പു ഞാന്‍ കണ്ടു.
തിമര്‍ത്തു പെയ്തൊരു വേനല്‍ മഴതന്‍ കുളിര്‍മയില്‍
അതൊരായിരം നാമ്പായി മുളപൊട്ടുന്നതും.

ആറിയുന്നു ഞാന്‍ എന്‍ വിരല്‍ത്തുമ്പില്‍
ഒരു പുതു ജീവന്‍ നിറയുന്നത്‌
എന്‍ പേനയിലൂടതക്ഷരമായി
പുസ്തകത്താളുകളില്‍ പരക്കുന്നത്‌
വീണ്ടും, വീണ്ടുമെന്‍ മനസ്സിന്‍ തിരശ്ശീല നിറയുന്നത്‌

Thursday, May 22, 2008

ഒരു വസന്തത്തിന്റെ ഓര്‍മയ്ക്കായി

വസന്തമേ.... വസന്തമേ ഇനിയും നീ വരില്ലേ..?.

ഇന്നെന്റെ വഴികളില്‍ നിറയുമീ ശൈത്യത്തെ
ഇന്നെന്റെ കനവുകളില്‍ നിറയുമീ തമസ്സിനെ
നിന്‍ മൃദു സ്പര്‍ശത്താല്‍ മായ്ക്കതില്ലേ ?
എന്റെ മനസ്സിന്റെ കീറാത്ത താളുകളില്‍
നിന്‍ സുഖ ശീതള സ്മൃതികള്‍ മാത്രം।

അന്നെന്റെ സ്വപ്നങ്ങള്‍ സുഖദങ്ങളായതും -
അന്നെന്റെ വഴികളില്‍ പൂക്കള്‍ വിരിഞ്ഞതും -
ദിവസങ്ങള്‍ പുതു ഹര്‍ഷ മോടികള്‍ തന്നതും -
രാത്രികള്‍ നറു നിലാപ്പാലില്‍ അലിഞ്ഞതും -
ഇന്നെന്റെ ഓര്‍മയിലൊരേടുമാത്രം.

വസന്തമേ... വസന്തമേ ഇനിയും നീ വരില്ലേ..?.

ആരോടു ചൊല്‍വു ഞാന്‍ ആരോടു ചൊല്‍വു ഞാന്‍
ഇന്നെന്‍ മനസ്സിലെ വേദനകള്‍
എന്മനസ്സാകുമി ചില്ലു പാത്രത്തെ
തല്ലിയുടച്ചതാം അനുഭവങ്ങള്‍

ഓര്‍മകള്‍ കരിയിലകള്‍ മൂടിയ വഴിയിലൂടൊരുപാടു-
പിന്‍പോട്ടു പോയിടുമ്പോള്‍....
കാണുന്നു ഞാനാ വസന്തത്തിനും മുന്‍പേ-
ഏകാന്ത ശൈത്യമുറഞ്ഞകാലം

മറ്റാരുമില്ലാതെ ഏകനായ്‌ ജീവിത-
പടവുകള്‍ കയറി ഞാന്‍ പോയകാലം
വന്നു നീ, ഒരു ചിത്ര ശലഭമായ്‌, എന്നില്‍-
നിറഞ്ഞു നീ, ഒരു സാന്ദ്ര ഹിമബിന്ദുവായ്‌ .

വസന്തമേ....വസന്തമേ ഇനിയും നീ വരില്ലേ...

ആ ദിനങ്ങള്‍ എനിക്കേകിയ സ്വാന്തനം
നീ എന്നില്‍ നിറയിച്ചൊരാത്മ പ്രഹര്‍ഷങ്ങള്‍
നിന്‍ കൊച്ചു ശാഠ്യങ്ങള്‍ നിന്‍ പിണക്കങ്ങള്‍
നിന്റേതു മത്രമാം സംവദന രീതികള്‍

കാണ്മു ഞാന്‍ എന്‍ മുന്നില്‍ ഇന്നലെ എന്നപോല്
‍ആ മൃദു മനോഹര സുന്ദര സുസ്മേരം.
ഒരു മാത്ര പോലും കഴിക്കുവാന്‍ ആവില്ല
നിന്‍ മൃദു സ്മേരത്തെയോര്‍ത്തിടാതെ

എന്‍ സപ്ത നാഡികള്‍ പഞ്ചേന്ദ്രിയങ്ങളും
നിന്‍ സാന്ദ്ര സാമീപ്യം തേടിടുന്നു
ആ ഗന്ധമെന്നില്‍ ഉണര്‍ത്തിയോരനുഭൂതി
ഇന്നും മറക്കാവതില്ലെനിക്ക്‌.

വസന്തമേ.... വസന്തമേ ഇനിയും നീ വരില്ലേ..?.

ഓര്‍മയിലൊരശ്രുകണം ഒരു ഗദ്ഗദം
അതെന്നുമെന്‍ ദിവസങ്ങളേറ്റു വാങ്ങേ
അറിയില്ലെനിക്കെന്നു കഴിയും എന്‍ മനസ്സിനെ
എല്ലാം വെറും സ്വപ്നമെന്നു തീര്‍പ്പാന്‍...

Tuesday, April 22, 2008

കൊച്ചു കവിതകള്

പൂര്‍ണ്ണവൃത്തം

തുടക്കത്തില്‍ ഒടുക്കവും
ഒടുക്കത്തില്‍ തുടക്കവും
എവിടെയും തുടങ്ങാം
എവിടെയും ഒടുങ്ങാം
സ്വയം സമ്പൂര്‍ണ്ണമിതി പൂര്‍ണ്ണവൃത്തം


നാളെ

നാളെകള്‍ ഇന്നിന്റെ സ്വപ്നങ്ങള്‍
നാളെകള്‍ ഇന്നിന്റെ സന്തതികള്‍
നാളെകള്‍ അനന്തമാം നാളെകള്‍
നാളെകള്‍ നാളെ ഇന്നാകും നാളെകള്‍സുഖം

ഒരു മരീചിക
എല്ലാവരുടെയും സ്വപ്നം
ദുഃഖത്തോടോപ്പമല്ലാതെ നിലനില്‍പില്ലാത്തത്‌
ജനനം മുതല്‍ മരണം വരെ നീളുന്ന
തിരച്ചിലില്‍ തിരിച്ചറിയാതെ പോകുന്നത്‌

മനസ്‌/സോഫ്റ്റ്‌വയര്‍

കാണുവാനാകാത്തത്‌-
സ്പര്‍ശിക്കാന്‍ കഴിയാത്തത്‌-
എങ്കിലും എല്ലാം അറിയുന്നത്‌-
എല്ലാം നിയന്ത്രിക്കുന്നത്‌-
ഹാര്‍ഡ്‌വെയറിനെ ഉപയോഗ സജ്ജമാക്കുന്നത്‌.


ദെവം

എല്ലാം കാണുന്നവന്‍, അറിയുന്നവന്‍ -
പല രൂപങ്ങളുള്ളവന്‍, നാമങ്ങളുള്ളവന്‍
എങ്ങും നിറഞ്ഞു നില്‍ക്കുന്നവന്‍-
എങ്കിലും ആരും തിരിച്ചറിയാത്തവന്‍.

Thursday, February 28, 2008

മുഖംമൂടി

ഏനിക്കെണ്റ്റെ മുഖവും മുഖംമൂടിയും മാറിപ്പോകുന്നു
എണ്റ്റെ മുഖം എനിക്കുപോലും അപരിചിതമാകുന്നു.
മുഖംമൂടിക്കു വേരുകള്‍ മുളച്ചുതുടങ്ങുന്നു-
മുഖംമൂടിയില്‍ സ്മശ്രുക്കള്‍ വളര്‍ന്നു തുടങ്ങുന്നു.

ആളുകള്‍ മുഖംമൂടിയെ ഞാനായി ധരിക്കുന്നു.
ചിലരെണ്റ്റെ സൌന്ദര്യം വാഴ്ത്തുന്നു-
ചിലരെണ്റ്റെ മൊഴികളെ പുകഴ്തുന്നു.

സന്ദര്‍ഭമനുസരിച്ച്‌ നിറം മാറും മുഖംമൂടി
എനിക്കു പല മുഖങ്ങള്‍ നല്‍കുന്നു
എണ്റ്റെ മുഖത്തെ വസൂരിക്കലകള്‍ മറയ്ക്കുന്നു
മുഖംമൂടിക്കുള്ളില്‍ എന്‍ അസ്ഥിത്വം ഞെരിപിരിക്കൊള്ളുമ്പോള്‍-
പൊയ്മുഖം അഴിച്ചുമാറ്റാന്‍ ഹൃദയം വെമ്പുമ്പൊള്‍-
ഉയരും കൈകളെ തലച്ചോര് തടയുന്നു..

Tuesday, January 1, 2008

ഒരെഴുത്തുകാരന്റെ പ്രസവ വേദന

ആശയം പൂര്‍ണ്ണ ഗര്‍ഭമായി-
പ്രസവ വേദന ഞരമ്പുകളില്‍ ഇഴഞ്ഞു.
എഴുത്തുകാരന്‍ ഞെളിപിരികൊണ്ടു
പേനയില്‍ മഴി പകര്‍ന്നു
വിരലുകള്‍ മടങ്ങി നിവര്‍ന്നു

വാക്കുകള്‍ വാക്യങ്ങളാകുവാന്‍ -
പരസ്പരം ചേര്‍ച നോക്കി
ചേരാത്തവ വെട്ടിനീക്കി-
പുതിയവ മുളചു വന്നു
ആദ്യത്തെ വാക്യം പിറന്നു വീണു.

മാനസ ഗര്‍ഭം വാക്കുകളായ്‌-
പുസ്തകത്താളില്‍ കരിപടര്‍ത്തുമ്പോള്‍
വാക്കുകളില്‍ കവി സ്വന്തം ഹൃദയരക്‍തം
തൊട്ടറിഞ്ഞപ്പോള്‍
എഴുത്തുകാരന്റെ പ്രസവം സഫലമായി