Sunday, August 23, 2020

ഉറക്കം

 ഉറക്കം 

------------

ഉറക്കം  എന്നെ  പുതിയൊരു  ഞാനാക്കുന്നു 

ഉണരാനായി  ഉറങ്ങുന്നു  നമ്മൾ 

എങ്കിലും  ഉറക്കം കഴിയരുതെന്നാശിക്കുന്നു നമ്മൾ 

വിശ്രമമൊഴിവായൊരു ദിവസത്തിന്റെ തളർച്ചയെ 

ഞരമ്പുകളിലേറ്റുവാങ്ങി 

നിദ്രാ  ദേവിയെ  സ്മരിച്ചു  ഞാൻ  കിടന്നു 

എന്റെ  ഉണർവിന്റെ  കടയ്ക്കൽ  വീണൊരു  വെട്ടായി 

ബോധമണ്ഡലത്തിനൊരു  മുഖപടമായി 

ഉറക്കം  ഇഴഞ്ഞിഴഞ്ഞെത്തുന്നു .

ഉടയുന്ന  പളുങ്കു  പാത്രത്തിൽ  നിന്നും  

ചിതറുന്ന  മുത്തുമണികൾ   പോൽ 

പിടിവിട്ടോടുന്നു മനസാകും കുസൃതി കുരുന്ന് 

ഉറക്കത്തിൻ   തിരശീലയിൽ ആഗ്രഹങ്ങളുടെ  

പനിനീർച്ചാലിൽ  മുക്കി ശ്ലഥ ചിത്രങ്ങളെഴുതുന്നു  അവൻ 

സ്വപ്നങ്ങളായി  എൻ  കണ്ണിൽ  നിറയുന്നു  അവ 

ഉണർവിലൊരു  ലോകം  ഉറക്കത്തിലൊരു  ലോകം എന്നായി 

എന്റെ  സമയത്തെ  പകുത്തെടുക്കുന്നു 

ജനനവും, വർഗ്ഗവും,  ജാതിയും , മതവും  ഭാവിയെ  തീർക്കുന്ന 

അളവുകോലുകളാം എൻ  ഉണർവിന്റെ  ലോകത്തിൽ 

ഓരോ നിമിഷങ്ങളും  മാത്സര്യത്തിന്റെ , ആശങ്കളുടെ 

പിരിമുറുക്കത്തിന്റെ കൂർത്ത  മുനകളെൻ 

തലച്ചോറിന്റെ  നീല  ഞരമ്പുകളെ പിളർത്തും.. 

ഉണർവിന്റെ  മണിക്കുറുകൾ കടന്ന് 

വിഘ്‌നങ്ങളില്ലാതെ  എൻ സ്വപ്‍ന  ലോകത്തെന്നെ 

രാജാവായി വാഴിക്കുന്നു നീ എന്നെ  നിദ്രാ ദേവി 

എങ്കിലുമറിയാം  ഈ  ഉറക്കവും  നാളെയുടെ  ഉണർവിലേക്കെന്ന്...

Monday, April 13, 2020

ഒരു കോവിഡ് കാലത്തെ പ്രണയം

ഒരു  കോവിഡ്   കാലത്തെ പ്രണയം
--------------------------------------------------

കോവിഡ് എന്റെ  പ്രണയത്തെയും  നരപ്പിച്ചു ..
എന്റെ തിരമാലകളോട്  സൊറ പറഞ്ഞ  വൈകുന്നേരങ്ങൾ
കട്ടനും പരിപ്പുവടയും നിറഞ്ഞ നാലു  മണികൾ
നുര പതയും ചഷകങ്ങൾ  നിറഞ്ഞൊഴുകിയ  വാരാന്ത്യങ്ങൾ
സുഹൃത്തുക്കൾ , കലമ്പലുകൾ  , യുവത്വത്തിന്റെ  -
വീര്യം  തകർത്താടിയ ആഘോഷ  നിമിഷങ്ങൾ ..
അവളുടെ  കണ്ണിലെ  പ്രണയം  ചുണ്ടിനാൽ  മടക്കിയ  സമാഗമങ്ങൾ
എല്ലാം  ഓർമകളിൽ നരച്ചു വെളുത്തു  തുടങ്ങിയിരിക്കുന്നു ..
ദിവസങ്ങളുടെ  പേരുകൾ  നിരർത്ഥകമായി മാറെ ..
വീട്ടിനുള്ളിൽ  മുറിയിൽ  മടുപ്പിന്റെ വിഴുപ്പ്  വീണ്ടും വീണ്ടും  വാരിചുറ്റി
ടിവിയിൽ  ചാനലുകൾ  എണ്ണി  മടുത്തിരിക്കെ
മൊബൈലിൽ  കണ്ട  കാഴ്ചകൾ  വീണ്ടും  തിക്കി  തിരക്കെ
ഞാനെന്റെ  പ്രണയങ്ങളെ  വീണ്ടുമോർത്തു
ജനലിലൂടെ  കുന്നിനപ്പുറത്തേക്കു  താഴും  സൂര്യനെ  നോക്കി
ഇതിനും  അറുതിയുണ്ടെന്നും .. കടന്നു  പോകുമെന്നും
സ്വയം  മനസിനെ  ബലപ്പെടുത്തി
വീണ്ടുമാ മടുപ്പിന്റെ  ഇരുട്ടിലേക്ക്  മുഖം  കുനിച്ചു..

Monday, March 23, 2020

ഒരു കൊറോണ കാലത്തെ കവിത

ഒരു കൊറോണ കാലത്തെ  കവിത
---------------------------------------------------------

ഇന്നിന്റെ കറുത്ത മരണമായി  കൊറോണ

ചൈനയുടെ  പുതിയ ദുഃഖമായി കൊറോണ

മനുഷ്യന്റെ വികൃതികൾക്ക് , ചതികൾക്കും

പ്രകൃതിയുടെ പ്രതികാരമായി കൊറോണ

ഭൂമിയിൽ ഒരു വൈറസു പോൽ നിറഞ്ഞു ബാധിച്ച മനുഷ്യനെ

തുരത്തുവാൻ വന്നതോ ഈ കൊറോണ ..

ജാതി, മത, വർഗ, രാഷ്ട്രങ്ങൾക്കതീതമായി

നാടുകൾ കീഴടക്കുന്നതീ കൊറോണ

മനുഷ്യർ   തൻ ഒഴുകുന്ന ജീവിത പ്രയാണത്തിൽ

നിനക്കാതെത്തിയ  തടസ്സമായി, പേടിയായി  കൊറോണ

മനുഷ്യർ  തൻ  സംഘ ശക്തിക്കൊരു  വെല്ലുവിളിയായി

ഒരു തലമുറതൻ ഓർമയിലൊരു മായാത്ത ഏടായി  കൊറോണ..

പല ജാതിയായി, മതമായി,  രാജ്യമായി  പകർന്നാടിയ മനുഷ്യനെ,

പല ദൈവങ്ങൾ തൻ പിണിയാളുകളായി പരസ്പരം പോരടിച്ച മനുഷ്യനെ,

മന്വന്തരങ്ങളായി അവൻ   മറന്ന   ഒരുമതൻ  ഗീതങ്ങളെ

വീണ്ടുമോർത്തെടുക്കാൻ , കൈ കോർത്തെടുക്കാൻ

ഒരുമിച്ചു നിന്നൊരു ചുവടു വെയ്ക്കാൻ..

ഇന്ത്യനും, ചീനനും , യവനനും  ഒന്നായി, ..

മനുഷ്യനായി, ഒരുവേള എങ്കിലും ചേർന്ന് നിൽക്കാൻ;

ഒരു കാരണം അത് കൂടിയാണ്;  ഒരു രോഗമെങ്കിലും ..ഈ കൊറോണ

Friday, January 18, 2019

വീണ്ടും ചില കൊച്ചു കവിതകൾ

ആന

അപാരമായ ആകാരമുള്ള
അത്ഭുതപ്പെടുത്തുന്നൊരു ജീവി


ആചാരം

ആചരിക്കുന്നവനെ  കീഴ്‌പ്പെടുത്തുന്ന
ആചരിക്കുന്നവനെ  വിഢിയാക്കുന്ന
ആചരിക്കുന്നവന്റെ മിഥ്യാഭിമാനമാകുന്ന
ആ ചരിക്കുന്നവന് ആരുണ്ടാക്കിയതെന്നറിയാത്ത
ഒരു വെറും ശീലം



അറിവ്

ഉള്ളവന്  ആയുധമാകുന്ന
ഇല്ലാത്തവന്  വൻമലയാകുന്ന
ഉള്ളവന് കൂടുതൽ  അറിയാൻ പ്രേരണയാകുന്ന
ഇല്ലാത്തവന്  അറിയേണ്ടെന്ന് തോന്നുന്ന
ഉള്ളവന്റെ തല കുനിപ്പിക്കുന്ന
ഇല്ലാത്തവന്റെ തല തിരിപ്പിക്കുന്നതെന്തോ
അതാണറിവ്


പ്രണയം

കണ്ണുകളിൽ ജനിച്ച്
മനസിലേക്ക് വളർന്ന്
തലച്ചോറിനെ  കീഴ്പ്പെടുത്തുന്നൊരു  വികാരം





Monday, July 9, 2012

പ്രണയം

മകരമഞ്ഞിന്‍ തണുപ്പില്‍ മീനചൂടായി നിണ്റ്റെ പ്രണയം..
തണുത്തുറഞ്ഞൊരെന്‍ സിരകളെ
ത്രസിപ്പിക്കുന്നതും നിന്‍ പ്രണയം
എണ്റ്റെ രാത്രികളെ നിറച്ചാര്‍ത്തണിയിക്കും
കനവുകളാകുന്നതും നിന്‍ പ്രണയം
എന്‍ സര്‍ഗ ചേദനതന്‍
ചേൊദനയകുന്നതും നിന്‍ പ്രണയം

എന്‍ മുന്നില്‍ നുരയും മധു പാത്രത്തിലെ
നിറ ലഹരിയാകുന്നതും നിന്‍ പ്രണയം
ഏെതേൊ വിഷാദാര്‍ദ്ര മൌന വാല്‍മീകത്തിലൊളിക്കും
എന്നെ കടപുഴക്കും കൊടുംകാറ്റാകുന്നതും നിന്‍ പ്രണയം
എണ്റ്റെ നാളെകളിലെ അനിശ്ചിതത്വത്തില്‍
ശുഭ പ്രതീക്ഷകളാകുന്നതും നിന്‍ പ്രണയം
എണ്റ്റെ ആത്മദാഹങ്ങളെ തണുവണിയിക്കും
കുളിര്‍ നീരുറവയാകുന്നതും നിന്‍ പ്രണയം

ഹേ പ്രണയിനി നീ എന്‍ ഇച്ഛാകള്‍ തന്‍ മൂര്‍ത്ത രൂപമോ ?
എന്‍ ജീവ പ്രതീക്ഷകളില്‍ നിന്നുരുവായിത്തീര്‍ന്നവളോ ?

Monday, December 29, 2008

റൈറ്റേഴ്‌സ്‌ ബ്ലോക്ക്‌

ഒരുനാള്‍ വാക്കുകളെന്നെ വിട്ടു പിരിഞ്ഞു
എന്നുമെന്‍ പേനത്തുമ്പിലുണ്ടായിരുന്നവര്‍-
എന്‍ പുസ്തകത്താളുകളില്‍ തിങ്ങി നിറഞ്ഞവര്‍
എങ്ങുപോയി നിങ്ങള്‍, എങ്ങുപോയി നിങ്ങള്‍
കാത്തിരിപ്പു വ്യതിഥ ഹൃദയനായി ഞാന്‍

എന്‍ മനമൊരോളമടങ്ങിയ കടലായി-
ആളൊഴിഞ്ഞ പൂരപ്പറമ്പായി
വിജനമായി, ശാന്തമായി
ഇന്നലെ വരെ എന്‍ മനസ്സിന്‍ തിരശ്ശീലയില്‍
പകര്‍ന്നാടിയ വേഷങ്ങള്‍
ഉയര്‍ന്നു പൊങ്ങിയ കൊടുംകാറ്റുകള്‍
വീശിയടിച്ച തിരമാലകള്‍
അവയില്‍ നിന്നൂറിയിറങ്ങിയ വാക്കുകള്‍
എന്‍ ഹൃദയ രക്തം പുരണ്ട സന്തതികള്‍

പേന, എന്‍ വിരല്‍ത്തുമ്പില്‍ വിറകൊള്‍വേ-
അസ്പഷ്ട രേഖകള്‍ മാത്രം കടലാസില്‍ നിറഞ്ഞീടവേ-
മിനിട്ടുകള്‍ മണിക്കൂറുകളായി ദീര്‍ഘിക്കവേ-
നിങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നു.

ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍
കാലം കടന്നു പോകവേ, പ്രതീക്ഷകള്‍ മങ്ങവേ-
ഒരുനാള്‍, ഒരുനാള്‍, വീണ്ടും
എന്‍ മനസ്സിന്‍ മരുപ്പരപ്പില്‍-
ഒരു പുതു പുല്‍ക്കൊടി നാമ്പു ഞാന്‍ കണ്ടു.
തിമര്‍ത്തു പെയ്തൊരു വേനല്‍ മഴതന്‍ കുളിര്‍മയില്‍
അതൊരായിരം നാമ്പായി മുളപൊട്ടുന്നതും.

ആറിയുന്നു ഞാന്‍ എന്‍ വിരല്‍ത്തുമ്പില്‍
ഒരു പുതു ജീവന്‍ നിറയുന്നത്‌
എന്‍ പേനയിലൂടതക്ഷരമായി
പുസ്തകത്താളുകളില്‍ പരക്കുന്നത്‌
വീണ്ടും, വീണ്ടുമെന്‍ മനസ്സിന്‍ തിരശ്ശീല നിറയുന്നത്‌

Thursday, May 22, 2008

ഒരു വസന്തത്തിന്റെ ഓര്‍മയ്ക്കായി

വസന്തമേ.... വസന്തമേ ഇനിയും നീ വരില്ലേ..?.

ഇന്നെന്റെ വഴികളില്‍ നിറയുമീ ശൈത്യത്തെ
ഇന്നെന്റെ കനവുകളില്‍ നിറയുമീ തമസ്സിനെ
നിന്‍ മൃദു സ്പര്‍ശത്താല്‍ മായ്ക്കതില്ലേ ?
എന്റെ മനസ്സിന്റെ കീറാത്ത താളുകളില്‍
നിന്‍ സുഖ ശീതള സ്മൃതികള്‍ മാത്രം।

അന്നെന്റെ സ്വപ്നങ്ങള്‍ സുഖദങ്ങളായതും -
അന്നെന്റെ വഴികളില്‍ പൂക്കള്‍ വിരിഞ്ഞതും -
ദിവസങ്ങള്‍ പുതു ഹര്‍ഷ മോടികള്‍ തന്നതും -
രാത്രികള്‍ നറു നിലാപ്പാലില്‍ അലിഞ്ഞതും -
ഇന്നെന്റെ ഓര്‍മയിലൊരേടുമാത്രം.

വസന്തമേ... വസന്തമേ ഇനിയും നീ വരില്ലേ..?.

ആരോടു ചൊല്‍വു ഞാന്‍ ആരോടു ചൊല്‍വു ഞാന്‍
ഇന്നെന്‍ മനസ്സിലെ വേദനകള്‍
എന്മനസ്സാകുമി ചില്ലു പാത്രത്തെ
തല്ലിയുടച്ചതാം അനുഭവങ്ങള്‍

ഓര്‍മകള്‍ കരിയിലകള്‍ മൂടിയ വഴിയിലൂടൊരുപാടു-
പിന്‍പോട്ടു പോയിടുമ്പോള്‍....
കാണുന്നു ഞാനാ വസന്തത്തിനും മുന്‍പേ-
ഏകാന്ത ശൈത്യമുറഞ്ഞകാലം

മറ്റാരുമില്ലാതെ ഏകനായ്‌ ജീവിത-
പടവുകള്‍ കയറി ഞാന്‍ പോയകാലം
വന്നു നീ, ഒരു ചിത്ര ശലഭമായ്‌, എന്നില്‍-
നിറഞ്ഞു നീ, ഒരു സാന്ദ്ര ഹിമബിന്ദുവായ്‌ .

വസന്തമേ....വസന്തമേ ഇനിയും നീ വരില്ലേ...

ആ ദിനങ്ങള്‍ എനിക്കേകിയ സ്വാന്തനം
നീ എന്നില്‍ നിറയിച്ചൊരാത്മ പ്രഹര്‍ഷങ്ങള്‍
നിന്‍ കൊച്ചു ശാഠ്യങ്ങള്‍ നിന്‍ പിണക്കങ്ങള്‍
നിന്റേതു മത്രമാം സംവദന രീതികള്‍

കാണ്മു ഞാന്‍ എന്‍ മുന്നില്‍ ഇന്നലെ എന്നപോല്
‍ആ മൃദു മനോഹര സുന്ദര സുസ്മേരം.
ഒരു മാത്ര പോലും കഴിക്കുവാന്‍ ആവില്ല
നിന്‍ മൃദു സ്മേരത്തെയോര്‍ത്തിടാതെ

എന്‍ സപ്ത നാഡികള്‍ പഞ്ചേന്ദ്രിയങ്ങളും
നിന്‍ സാന്ദ്ര സാമീപ്യം തേടിടുന്നു
ആ ഗന്ധമെന്നില്‍ ഉണര്‍ത്തിയോരനുഭൂതി
ഇന്നും മറക്കാവതില്ലെനിക്ക്‌.

വസന്തമേ.... വസന്തമേ ഇനിയും നീ വരില്ലേ..?.

ഓര്‍മയിലൊരശ്രുകണം ഒരു ഗദ്ഗദം
അതെന്നുമെന്‍ ദിവസങ്ങളേറ്റു വാങ്ങേ
അറിയില്ലെനിക്കെന്നു കഴിയും എന്‍ മനസ്സിനെ
എല്ലാം വെറും സ്വപ്നമെന്നു തീര്‍പ്പാന്‍...