ഉറക്കം
------------
ഉറക്കം എന്നെ പുതിയൊരു ഞാനാക്കുന്നു
ഉണരാനായി ഉറങ്ങുന്നു നമ്മൾ
എങ്കിലും ഉറക്കം കഴിയരുതെന്നാശിക്കുന്നു നമ്മൾ
വിശ്രമമൊഴിവായൊരു ദിവസത്തിന്റെ തളർച്ചയെ
ഞരമ്പുകളിലേറ്റുവാങ്ങി
നിദ്രാ ദേവിയെ സ്മരിച്ചു ഞാൻ കിടന്നു
എന്റെ ഉണർവിന്റെ കടയ്ക്കൽ വീണൊരു വെട്ടായി
ബോധമണ്ഡലത്തിനൊരു മുഖപടമായി
ഉറക്കം ഇഴഞ്ഞിഴഞ്ഞെത്തുന്നു .
ഉടയുന്ന പളുങ്കു പാത്രത്തിൽ നിന്നും
ചിതറുന്ന മുത്തുമണികൾ പോൽ
പിടിവിട്ടോടുന്നു മനസാകും കുസൃതി കുരുന്ന്
ഉറക്കത്തിൻ തിരശീലയിൽ ആഗ്രഹങ്ങളുടെ
പനിനീർച്ചാലിൽ മുക്കി ശ്ലഥ ചിത്രങ്ങളെഴുതുന്നു അവൻ
സ്വപ്നങ്ങളായി എൻ കണ്ണിൽ നിറയുന്നു അവ
ഉണർവിലൊരു ലോകം ഉറക്കത്തിലൊരു ലോകം എന്നായി
എന്റെ സമയത്തെ പകുത്തെടുക്കുന്നു
ജനനവും, വർഗ്ഗവും, ജാതിയും , മതവും ഭാവിയെ തീർക്കുന്ന
അളവുകോലുകളാം എൻ ഉണർവിന്റെ ലോകത്തിൽ
ഓരോ നിമിഷങ്ങളും മാത്സര്യത്തിന്റെ , ആശങ്കളുടെ
പിരിമുറുക്കത്തിന്റെ കൂർത്ത മുനകളെൻ
തലച്ചോറിന്റെ നീല ഞരമ്പുകളെ പിളർത്തും..
ഉണർവിന്റെ മണിക്കുറുകൾ കടന്ന്
വിഘ്‌നങ്ങളില്ലാതെ എൻ സ്വപ്‍ന ലോകത്തെന്നെ
രാജാവായി വാഴിക്കുന്നു നീ എന്നെ നിദ്രാ ദേവി
എങ്കിലുമറിയാം ഈ ഉറക്കവും നാളെയുടെ ഉണർവിലേക്കെന്ന്...
No comments:
Post a Comment