Sunday, August 23, 2020

ഉറക്കം

 ഉറക്കം 

------------

ഉറക്കം  എന്നെ  പുതിയൊരു  ഞാനാക്കുന്നു 

ഉണരാനായി  ഉറങ്ങുന്നു  നമ്മൾ 

എങ്കിലും  ഉറക്കം കഴിയരുതെന്നാശിക്കുന്നു നമ്മൾ 

വിശ്രമമൊഴിവായൊരു ദിവസത്തിന്റെ തളർച്ചയെ 

ഞരമ്പുകളിലേറ്റുവാങ്ങി 

നിദ്രാ  ദേവിയെ  സ്മരിച്ചു  ഞാൻ  കിടന്നു 

എന്റെ  ഉണർവിന്റെ  കടയ്ക്കൽ  വീണൊരു  വെട്ടായി 

ബോധമണ്ഡലത്തിനൊരു  മുഖപടമായി 

ഉറക്കം  ഇഴഞ്ഞിഴഞ്ഞെത്തുന്നു .

ഉടയുന്ന  പളുങ്കു  പാത്രത്തിൽ  നിന്നും  

ചിതറുന്ന  മുത്തുമണികൾ   പോൽ 

പിടിവിട്ടോടുന്നു മനസാകും കുസൃതി കുരുന്ന് 

ഉറക്കത്തിൻ   തിരശീലയിൽ ആഗ്രഹങ്ങളുടെ  

പനിനീർച്ചാലിൽ  മുക്കി ശ്ലഥ ചിത്രങ്ങളെഴുതുന്നു  അവൻ 

സ്വപ്നങ്ങളായി  എൻ  കണ്ണിൽ  നിറയുന്നു  അവ 

ഉണർവിലൊരു  ലോകം  ഉറക്കത്തിലൊരു  ലോകം എന്നായി 

എന്റെ  സമയത്തെ  പകുത്തെടുക്കുന്നു 

ജനനവും, വർഗ്ഗവും,  ജാതിയും , മതവും  ഭാവിയെ  തീർക്കുന്ന 

അളവുകോലുകളാം എൻ  ഉണർവിന്റെ  ലോകത്തിൽ 

ഓരോ നിമിഷങ്ങളും  മാത്സര്യത്തിന്റെ , ആശങ്കളുടെ 

പിരിമുറുക്കത്തിന്റെ കൂർത്ത  മുനകളെൻ 

തലച്ചോറിന്റെ  നീല  ഞരമ്പുകളെ പിളർത്തും.. 

ഉണർവിന്റെ  മണിക്കുറുകൾ കടന്ന് 

വിഘ്‌നങ്ങളില്ലാതെ  എൻ സ്വപ്‍ന  ലോകത്തെന്നെ 

രാജാവായി വാഴിക്കുന്നു നീ എന്നെ  നിദ്രാ ദേവി 

എങ്കിലുമറിയാം  ഈ  ഉറക്കവും  നാളെയുടെ  ഉണർവിലേക്കെന്ന്...

Monday, April 13, 2020

ഒരു കോവിഡ് കാലത്തെ പ്രണയം

ഒരു  കോവിഡ്   കാലത്തെ പ്രണയം
--------------------------------------------------

കോവിഡ് എന്റെ  പ്രണയത്തെയും  നരപ്പിച്ചു ..
എന്റെ തിരമാലകളോട്  സൊറ പറഞ്ഞ  വൈകുന്നേരങ്ങൾ
കട്ടനും പരിപ്പുവടയും നിറഞ്ഞ നാലു  മണികൾ
നുര പതയും ചഷകങ്ങൾ  നിറഞ്ഞൊഴുകിയ  വാരാന്ത്യങ്ങൾ
സുഹൃത്തുക്കൾ , കലമ്പലുകൾ  , യുവത്വത്തിന്റെ  -
വീര്യം  തകർത്താടിയ ആഘോഷ  നിമിഷങ്ങൾ ..
അവളുടെ  കണ്ണിലെ  പ്രണയം  ചുണ്ടിനാൽ  മടക്കിയ  സമാഗമങ്ങൾ
എല്ലാം  ഓർമകളിൽ നരച്ചു വെളുത്തു  തുടങ്ങിയിരിക്കുന്നു ..
ദിവസങ്ങളുടെ  പേരുകൾ  നിരർത്ഥകമായി മാറെ ..
വീട്ടിനുള്ളിൽ  മുറിയിൽ  മടുപ്പിന്റെ വിഴുപ്പ്  വീണ്ടും വീണ്ടും  വാരിചുറ്റി
ടിവിയിൽ  ചാനലുകൾ  എണ്ണി  മടുത്തിരിക്കെ
മൊബൈലിൽ  കണ്ട  കാഴ്ചകൾ  വീണ്ടും  തിക്കി  തിരക്കെ
ഞാനെന്റെ  പ്രണയങ്ങളെ  വീണ്ടുമോർത്തു
ജനലിലൂടെ  കുന്നിനപ്പുറത്തേക്കു  താഴും  സൂര്യനെ  നോക്കി
ഇതിനും  അറുതിയുണ്ടെന്നും .. കടന്നു  പോകുമെന്നും
സ്വയം  മനസിനെ  ബലപ്പെടുത്തി
വീണ്ടുമാ മടുപ്പിന്റെ  ഇരുട്ടിലേക്ക്  മുഖം  കുനിച്ചു..

Monday, March 23, 2020

ഒരു കൊറോണ കാലത്തെ കവിത

ഒരു കൊറോണ കാലത്തെ  കവിത
---------------------------------------------------------

ഇന്നിന്റെ കറുത്ത മരണമായി  കൊറോണ

ചൈനയുടെ  പുതിയ ദുഃഖമായി കൊറോണ

മനുഷ്യന്റെ വികൃതികൾക്ക് , ചതികൾക്കും

പ്രകൃതിയുടെ പ്രതികാരമായി കൊറോണ

ഭൂമിയിൽ ഒരു വൈറസു പോൽ നിറഞ്ഞു ബാധിച്ച മനുഷ്യനെ

തുരത്തുവാൻ വന്നതോ ഈ കൊറോണ ..

ജാതി, മത, വർഗ, രാഷ്ട്രങ്ങൾക്കതീതമായി

നാടുകൾ കീഴടക്കുന്നതീ കൊറോണ

മനുഷ്യർ   തൻ ഒഴുകുന്ന ജീവിത പ്രയാണത്തിൽ

നിനക്കാതെത്തിയ  തടസ്സമായി, പേടിയായി  കൊറോണ

മനുഷ്യർ  തൻ  സംഘ ശക്തിക്കൊരു  വെല്ലുവിളിയായി

ഒരു തലമുറതൻ ഓർമയിലൊരു മായാത്ത ഏടായി  കൊറോണ..

പല ജാതിയായി, മതമായി,  രാജ്യമായി  പകർന്നാടിയ മനുഷ്യനെ,

പല ദൈവങ്ങൾ തൻ പിണിയാളുകളായി പരസ്പരം പോരടിച്ച മനുഷ്യനെ,

മന്വന്തരങ്ങളായി അവൻ   മറന്ന   ഒരുമതൻ  ഗീതങ്ങളെ

വീണ്ടുമോർത്തെടുക്കാൻ , കൈ കോർത്തെടുക്കാൻ

ഒരുമിച്ചു നിന്നൊരു ചുവടു വെയ്ക്കാൻ..

ഇന്ത്യനും, ചീനനും , യവനനും  ഒന്നായി, ..

മനുഷ്യനായി, ഒരുവേള എങ്കിലും ചേർന്ന് നിൽക്കാൻ;

ഒരു കാരണം അത് കൂടിയാണ്;  ഒരു രോഗമെങ്കിലും ..ഈ കൊറോണ