വസന്തമേ.... വസന്തമേ ഇനിയും നീ വരില്ലേ..?.
ഇന്നെന്റെ വഴികളില്‍ നിറയുമീ ശൈത്യത്തെ
ഇന്നെന്റെ കനവുകളില്‍ നിറയുമീ തമസ്സിനെ
നിന് മൃദു സ്പര്‍ശത്താല്‍ മായ്ക്കതില്ലേ ?
എന്റെ മനസ്സിന്റെ കീറാത്ത താളുകളില്‍
നിന് സുഖ ശീതള സ്മൃതികള്‍ മാത്രം।
അന്നെന്റെ സ്വപ്നങ്ങള്‍ സുഖദങ്ങളായതും -
അന്നെന്റെ വഴികളില്‍ പൂക്കള്‍ വിരിഞ്ഞതും -
ദിവസങ്ങള്‍ പുതു ഹര്‍ഷ മോടികള്‍ തന്നതും -
രാത്രികള്‍ നറു നിലാപ്പാലില്‍ അലിഞ്ഞതും -
ഇന്നെന്റെ ഓര്‍മയിലൊരേടുമാത്രം.
വസന്തമേ... വസന്തമേ ഇനിയും നീ വരില്ലേ..?.
ആരോടു ചൊല്വു ഞാന്‍ ആരോടു ചൊല്വു ഞാന്‍
ഇന്നെന്‍ മനസ്സിലെ വേദനകള്‍
എന്മനസ്സാകുമി ചില്ലു പാത്രത്തെ
തല്ലിയുടച്ചതാം അനുഭവങ്ങള്‍
ഓര്‍മകള്‍ കരിയിലകള്‍ മൂടിയ വഴിയിലൂടൊരുപാടു-
പിന്‍പോട്ടു പോയിടുമ്പോള്‍....
കാണുന്നു ഞാനാ വസന്തത്തിനും മുന്‍പേ-
ഏകാന്ത ശൈത്യമുറഞ്ഞകാലം
മറ്റാരുമില്ലാതെ ഏകനായ് ജീവിത-
പടവുകള്‍ കയറി ഞാന്‍ പോയകാലം
വന്നു നീ, ഒരു ചിത്ര ശലഭമായ്, എന്നില്‍-
നിറഞ്ഞു നീ, ഒരു സാന്ദ്ര ഹിമബിന്ദുവായ് .
വസന്തമേ....വസന്തമേ ഇനിയും നീ വരില്ലേ...
ആ ദിനങ്ങള്‍ എനിക്കേകിയ സ്വാന്തനം
നീ എന്നില്‍ നിറയിച്ചൊരാത്മ പ്രഹര്‍ഷങ്ങള്‍
നിന് കൊച്ചു ശാഠ്യങ്ങള്‍ നിന് പിണക്കങ്ങള്‍
നിന്റേതു മത്രമാം സംവദന രീതികള്‍
കാണ്മു ഞാന്‍ എന്‍ മുന്നില്‍ ഇന്നലെ എന്നപോല്‍
ആ മൃദു മനോഹര സുന്ദര സുസ്മേരം.
ഒരു മാത്ര പോലും കഴിക്കുവാന്‍ ആവില്ല
നിന് മൃദു സ്മേരത്തെയോര്‍ത്തിടാതെ
എന്‍ സപ്ത നാഡികള്‍ പഞ്ചേന്ദ്രിയങ്ങളും
നിന് സാന്ദ്ര സാമീപ്യം തേടിടുന്നു
ആ ഗന്ധമെന്നില്‍ ഉണര്‍ത്തിയോരനുഭൂതി
ഇന്നും മറക്കാവതില്ലെനിക്ക്.
വസന്തമേ.... വസന്തമേ ഇനിയും നീ വരില്ലേ..?.
ഓര്‍മയിലൊരശ്രുകണം ഒരു ഗദ്ഗദം
അതെന്നുമെന്‍ ദിവസങ്ങളേറ്റു വാങ്ങേ
അറിയില്ലെനിക്കെന്നു കഴിയും എന്‍ മനസ്സിനെ
എല്ലാം വെറും സ്വപ്നമെന്നു തീര്‍പ്പാന്‍...