Sunday, August 23, 2020

ഉറക്കം

 ഉറക്കം 

------------

ഉറക്കം  എന്നെ  പുതിയൊരു  ഞാനാക്കുന്നു 

ഉണരാനായി  ഉറങ്ങുന്നു  നമ്മൾ 

എങ്കിലും  ഉറക്കം കഴിയരുതെന്നാശിക്കുന്നു നമ്മൾ 

വിശ്രമമൊഴിവായൊരു ദിവസത്തിന്റെ തളർച്ചയെ 

ഞരമ്പുകളിലേറ്റുവാങ്ങി 

നിദ്രാ  ദേവിയെ  സ്മരിച്ചു  ഞാൻ  കിടന്നു 

എന്റെ  ഉണർവിന്റെ  കടയ്ക്കൽ  വീണൊരു  വെട്ടായി 

ബോധമണ്ഡലത്തിനൊരു  മുഖപടമായി 

ഉറക്കം  ഇഴഞ്ഞിഴഞ്ഞെത്തുന്നു .

ഉടയുന്ന  പളുങ്കു  പാത്രത്തിൽ  നിന്നും  

ചിതറുന്ന  മുത്തുമണികൾ   പോൽ 

പിടിവിട്ടോടുന്നു മനസാകും കുസൃതി കുരുന്ന് 

ഉറക്കത്തിൻ   തിരശീലയിൽ ആഗ്രഹങ്ങളുടെ  

പനിനീർച്ചാലിൽ  മുക്കി ശ്ലഥ ചിത്രങ്ങളെഴുതുന്നു  അവൻ 

സ്വപ്നങ്ങളായി  എൻ  കണ്ണിൽ  നിറയുന്നു  അവ 

ഉണർവിലൊരു  ലോകം  ഉറക്കത്തിലൊരു  ലോകം എന്നായി 

എന്റെ  സമയത്തെ  പകുത്തെടുക്കുന്നു 

ജനനവും, വർഗ്ഗവും,  ജാതിയും , മതവും  ഭാവിയെ  തീർക്കുന്ന 

അളവുകോലുകളാം എൻ  ഉണർവിന്റെ  ലോകത്തിൽ 

ഓരോ നിമിഷങ്ങളും  മാത്സര്യത്തിന്റെ , ആശങ്കളുടെ 

പിരിമുറുക്കത്തിന്റെ കൂർത്ത  മുനകളെൻ 

തലച്ചോറിന്റെ  നീല  ഞരമ്പുകളെ പിളർത്തും.. 

ഉണർവിന്റെ  മണിക്കുറുകൾ കടന്ന് 

വിഘ്‌നങ്ങളില്ലാതെ  എൻ സ്വപ്‍ന  ലോകത്തെന്നെ 

രാജാവായി വാഴിക്കുന്നു നീ എന്നെ  നിദ്രാ ദേവി 

എങ്കിലുമറിയാം  ഈ  ഉറക്കവും  നാളെയുടെ  ഉണർവിലേക്കെന്ന്...

Monday, April 13, 2020

ഒരു കോവിഡ് കാലത്തെ പ്രണയം

ഒരു  കോവിഡ്   കാലത്തെ പ്രണയം
--------------------------------------------------

കോവിഡ് എന്റെ  പ്രണയത്തെയും  നരപ്പിച്ചു ..
എന്റെ തിരമാലകളോട്  സൊറ പറഞ്ഞ  വൈകുന്നേരങ്ങൾ
കട്ടനും പരിപ്പുവടയും നിറഞ്ഞ നാലു  മണികൾ
നുര പതയും ചഷകങ്ങൾ  നിറഞ്ഞൊഴുകിയ  വാരാന്ത്യങ്ങൾ
സുഹൃത്തുക്കൾ , കലമ്പലുകൾ  , യുവത്വത്തിന്റെ  -
വീര്യം  തകർത്താടിയ ആഘോഷ  നിമിഷങ്ങൾ ..
അവളുടെ  കണ്ണിലെ  പ്രണയം  ചുണ്ടിനാൽ  മടക്കിയ  സമാഗമങ്ങൾ
എല്ലാം  ഓർമകളിൽ നരച്ചു വെളുത്തു  തുടങ്ങിയിരിക്കുന്നു ..
ദിവസങ്ങളുടെ  പേരുകൾ  നിരർത്ഥകമായി മാറെ ..
വീട്ടിനുള്ളിൽ  മുറിയിൽ  മടുപ്പിന്റെ വിഴുപ്പ്  വീണ്ടും വീണ്ടും  വാരിചുറ്റി
ടിവിയിൽ  ചാനലുകൾ  എണ്ണി  മടുത്തിരിക്കെ
മൊബൈലിൽ  കണ്ട  കാഴ്ചകൾ  വീണ്ടും  തിക്കി  തിരക്കെ
ഞാനെന്റെ  പ്രണയങ്ങളെ  വീണ്ടുമോർത്തു
ജനലിലൂടെ  കുന്നിനപ്പുറത്തേക്കു  താഴും  സൂര്യനെ  നോക്കി
ഇതിനും  അറുതിയുണ്ടെന്നും .. കടന്നു  പോകുമെന്നും
സ്വയം  മനസിനെ  ബലപ്പെടുത്തി
വീണ്ടുമാ മടുപ്പിന്റെ  ഇരുട്ടിലേക്ക്  മുഖം  കുനിച്ചു..

Monday, March 23, 2020

ഒരു കൊറോണ കാലത്തെ കവിത

ഒരു കൊറോണ കാലത്തെ  കവിത
---------------------------------------------------------

ഇന്നിന്റെ കറുത്ത മരണമായി  കൊറോണ

ചൈനയുടെ  പുതിയ ദുഃഖമായി കൊറോണ

മനുഷ്യന്റെ വികൃതികൾക്ക് , ചതികൾക്കും

പ്രകൃതിയുടെ പ്രതികാരമായി കൊറോണ

ഭൂമിയിൽ ഒരു വൈറസു പോൽ നിറഞ്ഞു ബാധിച്ച മനുഷ്യനെ

തുരത്തുവാൻ വന്നതോ ഈ കൊറോണ ..

ജാതി, മത, വർഗ, രാഷ്ട്രങ്ങൾക്കതീതമായി

നാടുകൾ കീഴടക്കുന്നതീ കൊറോണ

മനുഷ്യർ   തൻ ഒഴുകുന്ന ജീവിത പ്രയാണത്തിൽ

നിനക്കാതെത്തിയ  തടസ്സമായി, പേടിയായി  കൊറോണ

മനുഷ്യർ  തൻ  സംഘ ശക്തിക്കൊരു  വെല്ലുവിളിയായി

ഒരു തലമുറതൻ ഓർമയിലൊരു മായാത്ത ഏടായി  കൊറോണ..

പല ജാതിയായി, മതമായി,  രാജ്യമായി  പകർന്നാടിയ മനുഷ്യനെ,

പല ദൈവങ്ങൾ തൻ പിണിയാളുകളായി പരസ്പരം പോരടിച്ച മനുഷ്യനെ,

മന്വന്തരങ്ങളായി അവൻ   മറന്ന   ഒരുമതൻ  ഗീതങ്ങളെ

വീണ്ടുമോർത്തെടുക്കാൻ , കൈ കോർത്തെടുക്കാൻ

ഒരുമിച്ചു നിന്നൊരു ചുവടു വെയ്ക്കാൻ..

ഇന്ത്യനും, ചീനനും , യവനനും  ഒന്നായി, ..

മനുഷ്യനായി, ഒരുവേള എങ്കിലും ചേർന്ന് നിൽക്കാൻ;

ഒരു കാരണം അത് കൂടിയാണ്;  ഒരു രോഗമെങ്കിലും ..ഈ കൊറോണ

Friday, January 18, 2019

വീണ്ടും ചില കൊച്ചു കവിതകൾ

ആന

അപാരമായ ആകാരമുള്ള
അത്ഭുതപ്പെടുത്തുന്നൊരു ജീവി


ആചാരം

ആചരിക്കുന്നവനെ  കീഴ്‌പ്പെടുത്തുന്ന
ആചരിക്കുന്നവനെ  വിഢിയാക്കുന്ന
ആചരിക്കുന്നവന്റെ മിഥ്യാഭിമാനമാകുന്ന
ആ ചരിക്കുന്നവന് ആരുണ്ടാക്കിയതെന്നറിയാത്ത
ഒരു വെറും ശീലം



അറിവ്

ഉള്ളവന്  ആയുധമാകുന്ന
ഇല്ലാത്തവന്  വൻമലയാകുന്ന
ഉള്ളവന് കൂടുതൽ  അറിയാൻ പ്രേരണയാകുന്ന
ഇല്ലാത്തവന്  അറിയേണ്ടെന്ന് തോന്നുന്ന
ഉള്ളവന്റെ തല കുനിപ്പിക്കുന്ന
ഇല്ലാത്തവന്റെ തല തിരിപ്പിക്കുന്നതെന്തോ
അതാണറിവ്


പ്രണയം

കണ്ണുകളിൽ ജനിച്ച്
മനസിലേക്ക് വളർന്ന്
തലച്ചോറിനെ  കീഴ്പ്പെടുത്തുന്നൊരു  വികാരം





Monday, July 9, 2012

പ്രണയം

മകരമഞ്ഞിന്‍ തണുപ്പില്‍ മീനചൂടായി നിണ്റ്റെ പ്രണയം..
തണുത്തുറഞ്ഞൊരെന്‍ സിരകളെ
ത്രസിപ്പിക്കുന്നതും നിന്‍ പ്രണയം
എണ്റ്റെ രാത്രികളെ നിറച്ചാര്‍ത്തണിയിക്കും
കനവുകളാകുന്നതും നിന്‍ പ്രണയം
എന്‍ സര്‍ഗ ചേദനതന്‍
ചേൊദനയകുന്നതും നിന്‍ പ്രണയം

എന്‍ മുന്നില്‍ നുരയും മധു പാത്രത്തിലെ
നിറ ലഹരിയാകുന്നതും നിന്‍ പ്രണയം
ഏെതേൊ വിഷാദാര്‍ദ്ര മൌന വാല്‍മീകത്തിലൊളിക്കും
എന്നെ കടപുഴക്കും കൊടുംകാറ്റാകുന്നതും നിന്‍ പ്രണയം
എണ്റ്റെ നാളെകളിലെ അനിശ്ചിതത്വത്തില്‍
ശുഭ പ്രതീക്ഷകളാകുന്നതും നിന്‍ പ്രണയം
എണ്റ്റെ ആത്മദാഹങ്ങളെ തണുവണിയിക്കും
കുളിര്‍ നീരുറവയാകുന്നതും നിന്‍ പ്രണയം

ഹേ പ്രണയിനി നീ എന്‍ ഇച്ഛാകള്‍ തന്‍ മൂര്‍ത്ത രൂപമോ ?
എന്‍ ജീവ പ്രതീക്ഷകളില്‍ നിന്നുരുവായിത്തീര്‍ന്നവളോ ?

Monday, December 29, 2008

റൈറ്റേഴ്‌സ്‌ ബ്ലോക്ക്‌

ഒരുനാള്‍ വാക്കുകളെന്നെ വിട്ടു പിരിഞ്ഞു
എന്നുമെന്‍ പേനത്തുമ്പിലുണ്ടായിരുന്നവര്‍-
എന്‍ പുസ്തകത്താളുകളില്‍ തിങ്ങി നിറഞ്ഞവര്‍
എങ്ങുപോയി നിങ്ങള്‍, എങ്ങുപോയി നിങ്ങള്‍
കാത്തിരിപ്പു വ്യതിഥ ഹൃദയനായി ഞാന്‍

എന്‍ മനമൊരോളമടങ്ങിയ കടലായി-
ആളൊഴിഞ്ഞ പൂരപ്പറമ്പായി
വിജനമായി, ശാന്തമായി
ഇന്നലെ വരെ എന്‍ മനസ്സിന്‍ തിരശ്ശീലയില്‍
പകര്‍ന്നാടിയ വേഷങ്ങള്‍
ഉയര്‍ന്നു പൊങ്ങിയ കൊടുംകാറ്റുകള്‍
വീശിയടിച്ച തിരമാലകള്‍
അവയില്‍ നിന്നൂറിയിറങ്ങിയ വാക്കുകള്‍
എന്‍ ഹൃദയ രക്തം പുരണ്ട സന്തതികള്‍

പേന, എന്‍ വിരല്‍ത്തുമ്പില്‍ വിറകൊള്‍വേ-
അസ്പഷ്ട രേഖകള്‍ മാത്രം കടലാസില്‍ നിറഞ്ഞീടവേ-
മിനിട്ടുകള്‍ മണിക്കൂറുകളായി ദീര്‍ഘിക്കവേ-
നിങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നു.

ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍
കാലം കടന്നു പോകവേ, പ്രതീക്ഷകള്‍ മങ്ങവേ-
ഒരുനാള്‍, ഒരുനാള്‍, വീണ്ടും
എന്‍ മനസ്സിന്‍ മരുപ്പരപ്പില്‍-
ഒരു പുതു പുല്‍ക്കൊടി നാമ്പു ഞാന്‍ കണ്ടു.
തിമര്‍ത്തു പെയ്തൊരു വേനല്‍ മഴതന്‍ കുളിര്‍മയില്‍
അതൊരായിരം നാമ്പായി മുളപൊട്ടുന്നതും.

ആറിയുന്നു ഞാന്‍ എന്‍ വിരല്‍ത്തുമ്പില്‍
ഒരു പുതു ജീവന്‍ നിറയുന്നത്‌
എന്‍ പേനയിലൂടതക്ഷരമായി
പുസ്തകത്താളുകളില്‍ പരക്കുന്നത്‌
വീണ്ടും, വീണ്ടുമെന്‍ മനസ്സിന്‍ തിരശ്ശീല നിറയുന്നത്‌

Thursday, May 22, 2008

ഒരു വസന്തത്തിന്റെ ഓര്‍മയ്ക്കായി

വസന്തമേ.... വസന്തമേ ഇനിയും നീ വരില്ലേ..?.

ഇന്നെന്റെ വഴികളില്‍ നിറയുമീ ശൈത്യത്തെ
ഇന്നെന്റെ കനവുകളില്‍ നിറയുമീ തമസ്സിനെ
നിന്‍ മൃദു സ്പര്‍ശത്താല്‍ മായ്ക്കതില്ലേ ?
എന്റെ മനസ്സിന്റെ കീറാത്ത താളുകളില്‍
നിന്‍ സുഖ ശീതള സ്മൃതികള്‍ മാത്രം।

അന്നെന്റെ സ്വപ്നങ്ങള്‍ സുഖദങ്ങളായതും -
അന്നെന്റെ വഴികളില്‍ പൂക്കള്‍ വിരിഞ്ഞതും -
ദിവസങ്ങള്‍ പുതു ഹര്‍ഷ മോടികള്‍ തന്നതും -
രാത്രികള്‍ നറു നിലാപ്പാലില്‍ അലിഞ്ഞതും -
ഇന്നെന്റെ ഓര്‍മയിലൊരേടുമാത്രം.

വസന്തമേ... വസന്തമേ ഇനിയും നീ വരില്ലേ..?.

ആരോടു ചൊല്‍വു ഞാന്‍ ആരോടു ചൊല്‍വു ഞാന്‍
ഇന്നെന്‍ മനസ്സിലെ വേദനകള്‍
എന്മനസ്സാകുമി ചില്ലു പാത്രത്തെ
തല്ലിയുടച്ചതാം അനുഭവങ്ങള്‍

ഓര്‍മകള്‍ കരിയിലകള്‍ മൂടിയ വഴിയിലൂടൊരുപാടു-
പിന്‍പോട്ടു പോയിടുമ്പോള്‍....
കാണുന്നു ഞാനാ വസന്തത്തിനും മുന്‍പേ-
ഏകാന്ത ശൈത്യമുറഞ്ഞകാലം

മറ്റാരുമില്ലാതെ ഏകനായ്‌ ജീവിത-
പടവുകള്‍ കയറി ഞാന്‍ പോയകാലം
വന്നു നീ, ഒരു ചിത്ര ശലഭമായ്‌, എന്നില്‍-
നിറഞ്ഞു നീ, ഒരു സാന്ദ്ര ഹിമബിന്ദുവായ്‌ .

വസന്തമേ....വസന്തമേ ഇനിയും നീ വരില്ലേ...

ആ ദിനങ്ങള്‍ എനിക്കേകിയ സ്വാന്തനം
നീ എന്നില്‍ നിറയിച്ചൊരാത്മ പ്രഹര്‍ഷങ്ങള്‍
നിന്‍ കൊച്ചു ശാഠ്യങ്ങള്‍ നിന്‍ പിണക്കങ്ങള്‍
നിന്റേതു മത്രമാം സംവദന രീതികള്‍

കാണ്മു ഞാന്‍ എന്‍ മുന്നില്‍ ഇന്നലെ എന്നപോല്
‍ആ മൃദു മനോഹര സുന്ദര സുസ്മേരം.
ഒരു മാത്ര പോലും കഴിക്കുവാന്‍ ആവില്ല
നിന്‍ മൃദു സ്മേരത്തെയോര്‍ത്തിടാതെ

എന്‍ സപ്ത നാഡികള്‍ പഞ്ചേന്ദ്രിയങ്ങളും
നിന്‍ സാന്ദ്ര സാമീപ്യം തേടിടുന്നു
ആ ഗന്ധമെന്നില്‍ ഉണര്‍ത്തിയോരനുഭൂതി
ഇന്നും മറക്കാവതില്ലെനിക്ക്‌.

വസന്തമേ.... വസന്തമേ ഇനിയും നീ വരില്ലേ..?.

ഓര്‍മയിലൊരശ്രുകണം ഒരു ഗദ്ഗദം
അതെന്നുമെന്‍ ദിവസങ്ങളേറ്റു വാങ്ങേ
അറിയില്ലെനിക്കെന്നു കഴിയും എന്‍ മനസ്സിനെ
എല്ലാം വെറും സ്വപ്നമെന്നു തീര്‍പ്പാന്‍...

Tuesday, April 22, 2008

കൊച്ചു കവിതകള്

പൂര്‍ണ്ണവൃത്തം

തുടക്കത്തില്‍ ഒടുക്കവും
ഒടുക്കത്തില്‍ തുടക്കവും
എവിടെയും തുടങ്ങാം
എവിടെയും ഒടുങ്ങാം
സ്വയം സമ്പൂര്‍ണ്ണമിതി പൂര്‍ണ്ണവൃത്തം


നാളെ

നാളെകള്‍ ഇന്നിന്റെ സ്വപ്നങ്ങള്‍
നാളെകള്‍ ഇന്നിന്റെ സന്തതികള്‍
നാളെകള്‍ അനന്തമാം നാളെകള്‍
നാളെകള്‍ നാളെ ഇന്നാകും നാളെകള്‍



സുഖം

ഒരു മരീചിക
എല്ലാവരുടെയും സ്വപ്നം
ദുഃഖത്തോടോപ്പമല്ലാതെ നിലനില്‍പില്ലാത്തത്‌
ജനനം മുതല്‍ മരണം വരെ നീളുന്ന
തിരച്ചിലില്‍ തിരിച്ചറിയാതെ പോകുന്നത്‌

മനസ്‌/സോഫ്റ്റ്‌വയര്‍

കാണുവാനാകാത്തത്‌-
സ്പര്‍ശിക്കാന്‍ കഴിയാത്തത്‌-
എങ്കിലും എല്ലാം അറിയുന്നത്‌-
എല്ലാം നിയന്ത്രിക്കുന്നത്‌-
ഹാര്‍ഡ്‌വെയറിനെ ഉപയോഗ സജ്ജമാക്കുന്നത്‌.


ദെവം

എല്ലാം കാണുന്നവന്‍, അറിയുന്നവന്‍ -
പല രൂപങ്ങളുള്ളവന്‍, നാമങ്ങളുള്ളവന്‍
എങ്ങും നിറഞ്ഞു നില്‍ക്കുന്നവന്‍-
എങ്കിലും ആരും തിരിച്ചറിയാത്തവന്‍.

Thursday, February 28, 2008

മുഖംമൂടി

ഏനിക്കെണ്റ്റെ മുഖവും മുഖംമൂടിയും മാറിപ്പോകുന്നു
എണ്റ്റെ മുഖം എനിക്കുപോലും അപരിചിതമാകുന്നു.
മുഖംമൂടിക്കു വേരുകള്‍ മുളച്ചുതുടങ്ങുന്നു-
മുഖംമൂടിയില്‍ സ്മശ്രുക്കള്‍ വളര്‍ന്നു തുടങ്ങുന്നു.

ആളുകള്‍ മുഖംമൂടിയെ ഞാനായി ധരിക്കുന്നു.
ചിലരെണ്റ്റെ സൌന്ദര്യം വാഴ്ത്തുന്നു-
ചിലരെണ്റ്റെ മൊഴികളെ പുകഴ്തുന്നു.

സന്ദര്‍ഭമനുസരിച്ച്‌ നിറം മാറും മുഖംമൂടി
എനിക്കു പല മുഖങ്ങള്‍ നല്‍കുന്നു
എണ്റ്റെ മുഖത്തെ വസൂരിക്കലകള്‍ മറയ്ക്കുന്നു
മുഖംമൂടിക്കുള്ളില്‍ എന്‍ അസ്ഥിത്വം ഞെരിപിരിക്കൊള്ളുമ്പോള്‍-
പൊയ്മുഖം അഴിച്ചുമാറ്റാന്‍ ഹൃദയം വെമ്പുമ്പൊള്‍-
ഉയരും കൈകളെ തലച്ചോര് തടയുന്നു..

Tuesday, January 1, 2008

ഒരെഴുത്തുകാരന്റെ പ്രസവ വേദന

ആശയം പൂര്‍ണ്ണ ഗര്‍ഭമായി-
പ്രസവ വേദന ഞരമ്പുകളില്‍ ഇഴഞ്ഞു.
എഴുത്തുകാരന്‍ ഞെളിപിരികൊണ്ടു
പേനയില്‍ മഴി പകര്‍ന്നു
വിരലുകള്‍ മടങ്ങി നിവര്‍ന്നു

വാക്കുകള്‍ വാക്യങ്ങളാകുവാന്‍ -
പരസ്പരം ചേര്‍ച നോക്കി
ചേരാത്തവ വെട്ടിനീക്കി-
പുതിയവ മുളചു വന്നു
ആദ്യത്തെ വാക്യം പിറന്നു വീണു.

മാനസ ഗര്‍ഭം വാക്കുകളായ്‌-
പുസ്തകത്താളില്‍ കരിപടര്‍ത്തുമ്പോള്‍
വാക്കുകളില്‍ കവി സ്വന്തം ഹൃദയരക്‍തം
തൊട്ടറിഞ്ഞപ്പോള്‍
എഴുത്തുകാരന്റെ പ്രസവം സഫലമായി

Wednesday, November 28, 2007

നമ്മുടെ പ്രണയം

വേനലിലെ കുളിര്‍മ-
ശിശിരകാലത്തിലെ ചൂട്‌-
മഴക്കാലത്തെ വെയില്‍-
നിന്‍ സ്നേഹം.

ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെപ്പച്ച-
കണ്ണുള്ളവനു കണ്ണിണ്റ്റെ വിലയറിയില്ല-
മനുഷ്യനിലെ മൃഗം-
എണ്റ്റെ മനസ്‌.

പൊട്ടിയ ചില്ലു പാത്രം-
തകര്‍ന്ന വെണ്ണക്കല്‍ ശില്‍പം-
പിഞ്ഞിപ്പോയ പട്ടു വസ്‌ത്രം-
നമ്മുടെ പ്രണയം.

ചരടു പോയ പട്ടം-
വറ്റി വരണ്ട പുഴ-
എണ്ണയില്ലാത്ത ദീപം-
എണ്റ്റെ ജീവിതം.

Sunday, November 25, 2007

രാഷ്ട്റീയം

രാഷ്ട്റത്തിനായ്‌ നാം തുടങ്ങിയീ രാഷ്ട്റീയം-
രാഷ്ട്റങ്ങള്‍ നിര്‍മ്മിച്ചു പാലിച്ചു രാഷ്ട്റീയം.
സാമ്രാജ്യ കോയ്മയെ തച്ചു തകര്‍ക്കുവാന്‍-
കാലിലെ ചങ്ങലകള്‍ പൊട്ടിച്ചെറിയുവാന്‍-
വേണ്ടി നാം പണ്ടു തുടങ്ങിയീ രാഷ്ട്റീയം.
സംവത്സരങ്ങള്‍ കൊഴിഞ്ഞു തീറ്‍ന്നീടവെ-
'സ്വാതന്ത്ര്യം' സപ്തതിയിലേക്കു മുന്നേറവേ-
പല പാര്‍ട്ടികള്‍ പല കൊടിക്കൂറകള്‍-
പിന്നെ അത്യന്ത ഭിന്നമാം ആശയധാരകള്‍.
അധികാരം എന്നൊരാ മധു ചഷകത്തിനായ്‌-
ആത്മാവിനെ പോലും പണയമായ്‌ നല്‍കുവോര്‍.
ശുഭ്റവസ്ത്രാങ്കിതര്‍ നിര്‍മ്മല മാനസറ്‍-
ജീവിതം തന്നെ പരീക്ഷണമാക്കിയോറ്‍.
തീറ്‍ത്തൊരാ വഴികളെ പങ്കിലമാക്കുവാന്‍
പിന്‍ഗാമികള്‍ ചിലറ്‍ ശ്രമിക്കുന്ന കാഴ്ചകള്‍
പൊതുജനം നോക്കി ചിരിക്കുന്ന വേളയില്‍
തങ്ങളെ ഭരിക്കുവാന്‍ ജനങ്ങള്‍-
തിരഞ്ഞെടുത്തധികാര സോപാനമേറ്റിയിരുത്തിയോര്‍ -
നാടിനെ വില്‍ക്കുവാന്‍ കോഴ വാങ്ങീടുവാന്‍
വാണിഭം കൂട്ടുവാന്‍ കാലുമാറീടുവാന്‍
തങ്ങളില്‍ തങ്ങളില്‍ മത്സരിച്ചീടവേ-
മന്ത്റിമാര്‍ തന്ത്റ വിശാരദരാകവേ-
തന്ത്റി മന്ത്റിയെപ്പോലും കടത്തിവെട്ടീടവേ-
വാമൊഴി വഴക്കങ്ങള്‍ ഭരണിപ്പാട്ടിനെ വെല്ലവേ-
ഒരു പുനര്‍വിചിന്തനം നടത്തുവാന്‍ കാലമായി-
എന്നൊരു ചിന്ത മനസില്‍ നിറയവേ-
ചോദിക്കുവാനായി തുടിക്കുന്നിതെന്‍ മനം-
പാര്‍ട്ടികള്‍ പൊതുജന നന്‍മയ്ക്കായിത്തീര്‍ത്തതോ... ?
പൊതുജനം പാര്‍ട്ടി വളര്‍ത്തുവാന്‍ ജനിച്ചതോ.... ?

കാര്യവിചാരം

പുസ്തകമെഴുതി കഞ്ഞി കുടിച്ചു കഴിയുന്ന സാഹിത്യ പ്രവരന്‍മാരുടെ കഞ്ഞിയില്‍ മണ്ണിടെണ്ട എന്നുള്ള സദൂദേശത്തിനാലും. ഇന്നത്തെ അത്യന്താധുനിക യുവത്വത്തിണ്റ്റെ ഇണ്റ്റര്‍നെറ്റധിഷ്തിത ഭാവനയെ അതിണ്റ്റെ വിശ്വരൂപത്തില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഗുണ്ടര്‍ട്ടു സായ്‌വിണ്റ്റെ അച്ചടി മീഡിയക്കു കഴിയില്ല; അതിനു കമ്പൂട്ടര്‍ എന്ന മള്‍ട്ടിമീഡിയന്‍ തന്നെ വേണം എന്നുള്ളതിനാലും ഈ ബ്ളൊഗോസ്ഫിയറിണ്റ്റെ 'പരസ്പരബന്ധിതവലയില്‍' ഞെരുങ്ങി കഴിയുന്ന എല്ലാ ബ്ളോഗന്‍മാര്‍ക്കും ബ്ളോഗികള്‍ക്കും എണ്റ്റെ... മൌസ്ക്കാരം.. സ്ക്രാപ്പിയും, ചാറ്റിയും കാലം കഴിക്കുന്നതിനിടയില്‍ തങ്ങളുടെ മനസിണ്റ്റെ എക്സ്പ്ളോററില്‍ തെളിയുന്ന ആശയങ്ങളെ ബ്ളോഗിലൂടെ പ്രകാശനം ചെയ്യാന്‍ സമയം കണ്ടെത്തുന്ന മഹാമനസ്കതയെ പ്രോത്സാഹിപ്പിക്കാനായി ഒരു 'കേരള ബ്ബ്ലോഗന്‍' , ' കേരള ബ്ളോഗി ' അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഗവണ്‍മെണ്റ്റിനോടു ശുപാര്‍ശ ചെയ്യുന്ന കാര്യം ആലോചിക്കേണ്ടതാണെന്ന് ഒരഭിപ്രായം എനിക്കുണ്ട്‌.

(ശേഷം പിന്നെ...... )

Sunday, November 4, 2007

സ്വപ്നം

സ്വപ്നം മധുര സ്വപ്നം
എന്‍ മനസില്‍ മധുര സ്വപ്നം.
സ്വപ്നം കാണാനെന്തു രസം..
സ്വപ്നം തീര്‍ന്നാലൊ കഷ്ടം.
എങ്ങു നിന്നെത്തുന്നതീ സ്വപ്നം ?
എങ്ങീനെ മായുന്നതീ സ്വപ്നം ?
എന്തിനു വേണ്ടിയതീ സ്വപ്നം ?
എന്തു നല്‍കുന്നുവതീ സ്വപ്നം ?
എന്തിണ്റ്റെ സൂചനയീ സ്വപ്നം ?
എന്തിണ്റ്റെ ബാക്കിയതീ സ്വപ്നം
ആര്‍ക്കായി വിടരുവതീ സ്വപ്നം ?
എപ്പൊഴെത്തുന്നുവതീ സ്വപ്നം ?

Thursday, October 18, 2007

ജീവിതം

ഒരു നീണ്ട പാതയാണെണ്റ്റെ ജീവിതം.
ആ പാതയുടെ തുടക്കമാകുന്നു - ജനനം.
ആ പാതയിലെ മുള്ളുകള്‍ - ദുഖങ്ങള്‍.
ആ പാതയിലെ പുഷ്പങ്ങള്‍ - സുഖങ്ങള്‍.
ആ പാതയിലെ തണല്‍ മരങ്ങള്‍ - സുഹ്ര്‍ത്തുക്കള്‍.
ആ പാതയിലെ കുറുക്കുവഴികള്‍ - ദുര്‍ലഭ ഭാഗ്യങ്ങള്‍.
ആ പാതയിലെ കയറ്റങ്ങള്‍ - ജീവിത ലക്ഷ്യങ്ങള്‍.
ആ പാതയിലെ കവലകള്‍ - ജീവിത വഴിതിരിവുകള്‍.
ഒടുവിലാ പാതയുടെ അന്ത്യമൊ - മരണവും.

Wednesday, October 17, 2007

വസന്തം

ഇനിയും വസന്തം വരുമോ എന്‍ നിനവുകളില്‍
അറിയില്ലെനിക്കതെന്നാകുമെന്ന്‌-
ദാഹാര്‍ത്തമാമൊരു വേഴാംബലെന്ന പോല്
‍ഞാനതിന്നായ്‌ തപം ചെയ്തിടുന്നു.

സുന്ദര സ്വപ്നങ്ങളാല്‍ നിറഞ്ഞുള്ളതാം-
പോയ വസന്തത്തിന്നൊര്‍മകള്‍.
ഓര്‍മകളിലാ വസന്തത്തിണ്റ്റെ മാധുര്യം
എന്നില്‍ പ്രതീക്ഷകളേറ്റിടുന്നു

ഓരൊ ദിനവും പുലരുവാനായി-
പുലര്‍ന്നീടില്‍ അസ്തമിക്കാതിരിക്കാനായി
എത്ര ഞാന്‍ അശിച്ചിരുന്നിതെന്നൊ.
എങ്കിലും ഓരൊ വസന്തവും എന്നുള്ളി
ല്‍വിദൂര വിഷാദമുണര്‍ത്തിടുന്നു.
കാരണമേതു വസന്തവും കഴിയുമെന്നും
വീണ്ടുമാ ശിശിരം വന്നെത്തുമെന്നും
എന്നുള്ളിലാരൊ മന്ത്രിച്ചിടുന്നു.

എങ്കിലും അല്‍പായുസ്സായിടാമെങ്കിലും -
ഇനിയുമാ വസന്തം വരുമെന്നു നിനച്ചു ഞന്‍-
ഓരൊ ദിനവും കഴിച്ചിടുന്നു.

ഇനിയും വസന്തം വരുമോ എന്‍ നിനവുകളില്
‍അറിയില്ലെനിക്കതെന്നാകുമെന്ന്...

Monday, May 7, 2007

തെറ്റും ശരിയും

ഏന്താണു തെറ്റ്‌ ഏന്താണു ശരിയത്‌
ആരുണ്ടെനിക്കിന്നൊരുത്തരമേകുവാന്‍
തെറ്റും ശരിയും എന്നുണ്ടായി ?
തെറ്റും ശരിയും ആരുണ്ടാക്കി ?
തെറ്റും ശരിയും ഏന്തിനായി ?
ആരെനിക്കാരെനിക്കുത്തരമേകിടും
ഏതു തെറ്റേതു ശരി എന്നുള്ള ചിന്തയില്‍
കാലം വ്രഥാ ഞാന്‍ കളഞ്ഞിദുമ്പോള്‍
ശരികള്‍ തെറ്റായും തെറ്റുകള്‍ ശരിയായും
വേഷപ്പകര്‍ച്ച നടത്തിടുമ്പോള്‍।
തെറ്റുകള്‍ എന്നു ഞാന്‍ ഒരുകാലം തീര്‍പ്പവ
ശരികളായി എന്‍ വാഴ്‌വില്‍ വന്നീടവെ
ശരികളെന്നെല്ലാരും ചൊല്ലുന്ന കാര്യങ്ങള്‍
ശരികളാണെന്നതില്‍ സംശയമുദിക്കവെ

ഒരു മാര്‍ഗ ദര്‍ശനം തേടുവാനായി ഞാന്
‍ചുറ്റും പകപ്പില്‍ തിരഞ്ഞീടവെ॥
കാണുന്നു മുന്നിലായി ഒരു നൂറു വീഥികള്‍
പല മഹാരഥര്‍ തന്‍ കാലടിപ്പാടുകള്‍
എണ്ണിയാല്‍ തീരാത്ത പുസ്തകക്കാടുകള്‍
പല വഴികളോതും വിചാരധാരകള്‍
മതങ്ങള്‍ തന്‍ ആദര്‍ശ സംഹിതകള്‍

എങ്കിലും അതൊന്നുമെന്‍ മനസിന്‍ വ്യഥകളെ
ഒതുക്കുവാന്‍ ഒട്ടും തുണച്ചതില്ല
ഒരു വഴിയില്‍ ശരിയെന്നൊതുന്ന കാര്യത്തെ
തെറ്റെന്നു കണ്ടു വെറുക്കുന്നു മറ്റൊരാള്‍।
ശരികളെ തെറ്റില്‍നിന്നിഴ പിരിച്ചീടുവാന്‍ ഒ
രു പാഴ്‌ ശ്രമം ഞാന്‍ നടത്തീടവെ
ഒരുവന്‍മരത്തിന്‍ പിണഞ്ഞതാം വേരുകള്‍ പോല്
‍കെട്ടുപിണഞ്ഞല്ലൊ കാണ്‍മതപ്പോള്‍।
ഒടുവില്‍ എന്‍ വ്യര്‍ത്ഥമാം ചിന്തകളൊതുക്കിയെന്‍
മനസിനെ ശാന്തമായി നിര്‍ത്തീടവെ-
തെറ്റിതു ശരിയതെന്നുള്ള മുന്‍വിധികളെ
ഒരു മണ്‍കുടത്തിലടച്ചീടവെ-
കാണുവാനാകുന്നു കാര്യങ്ങളെ
എന്‍ സ്വന്തമാം ഒരു നവ വീക്ഷണതില്‍

മഴ

ഉരുകുന്ന വേനലിന്‍ നെഞ്ചിലേക്കൊരു -
സ്വാന്തന സ്പര്‍ശമായി എത്തുന്നു നീ പുതുമഴ
പേമാരിയായി വറുതിയുടെ കെടുതിയുടെ
നീണ്ട ദിനങ്ങള്‍ നല്‍കുന്നു നീ വര്‍ഷകാല മഴ
വര്‍ഷകാലത്തിന്‍ അന്ത്യം കുറിക്കുവാന്‍
ഒരു വെടിക്കെട്ടുമായി എത്തുന്നു നീ, തുലാമഴ
വീണ്ടും കരുത്താര്‍ന്നു നിറയുന്ന വേനലില്‍
ഒരു കുളിറ്‍ സ്വപ്നമായി എത്തുന്നു നീ, വേനല്‍ മഴ

Thursday, April 19, 2007

നിഴല്‍

അറിയില്ലെനിക്കു നീ അരെന്ന്‌, ഏങ്കിലും
അറിയാം ഏനിക്കു നാം ചിരപരിചിതര്‍
അറിയില്ലെനിക്കു നീ അരെന്ന്‌, എങ്കിലും
അറിയാം എനിക്കു നീ എന്‍ സ്വന്തമെന്ന്‌
അറിയില്ലെനിക്കു നീ അരെന്ന്‌, എങ്കിലും
അറിയാം എനിക്കു നീ എന്‍ കൂടെയെന്ന്‌
അറിയില്ലെനിക്കു നീ അരെന്ന്‌, എങ്കിലും
അറിയാം എനിക്കു നീ എന്‍ സഹചരിയെന്ന്‌
അറിയില്ലെനിക്കു നീ അരെന്ന്‌, എങ്കിലും അറിയാം
എനിക്കു മൌനം നിന്‍ ഭൂഷയെന്ന്‌
ഒടുവില്‍ അറിയുന്നു ഞാന്‍, നീ എന്‍ നിഴലെന്ന്‌